കാല്‍ഗറി, എയര്‍ഡ്രി ലൊക്കേഷനുകളിലെ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പ് ഉടമയ്‌ക്കെതിരെ മോഷണക്കുറ്റാരോപണം. കാല്‍ഗറി ഏരിയ ഡീലര്‍ഷിപ്പായ ഇന്റര്‍നാഷണല്‍ മോട്ടോര്‍ കാര്‍സില്‍ പരിശോധന നടത്തിയ പോലീസ് മോഷ്ടിച്ചതും റീ-വിന്‍( Re-vinned) ചെയ്തതുമായ മൂന്ന് വാഹനങ്ങള്‍ കണ്ടെത്തി. വാഹനങ്ങള്‍ ഡീലര്‍ഷിപ്പ് വഴി വില്‍ക്കുകയോ വില്‍പ്പനയ്ക്കായി പരസ്യം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് ആര്‍സിഎംപി പറഞ്ഞു. ഓഗസ്റ്റ് 28 ന് ആര്‍സിഎംപി ഓട്ടോ തെഫ്റ്റ് യൂണിറ്റ്, ആല്‍ബെര്‍ട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌പോണ്‍സ് ടീമിന്റെയും കാല്‍ഗറി പോലീസ് സര്‍വീസിന്റെയും സഹായത്തോടെ കഴിഞ്ഞ വര്‍ഷമാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കാല്‍ഗറി, എയര്‍ഡ്രി ഡീലര്‍ഷിപ്പുകളില്‍ തിരച്ചില്‍ നടത്തിയത്.
ഡീലര്‍ഷിപ്പിന്റെ ഉടമ 26കാരനായ എയര്‍ഡ്രോണിയന്‍ ബ്രൂക്‌സ് സ്‌റ്റെല്ലയ്‌ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്തുമായി ബന്ധപ്പെട്ട് സമ്പാദിച്ച സ്വത്ത് കൈവശം വയ്ക്കല്‍, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച സ്റ്റെല്ലയെ രണ്ടാഴ്ചയ്ക്കുള്ളില്‍ എയര്‍ഡ്രി കോടതിയില്‍ ഹാജരാക്കും.